Friday, February 17, 2012

സൗഹൃദത്തണലില്‍............ .........,.........

സൗഹൃദത്തണലില്‍............ .........,.........     ഇരുപത്തെട്ടു വര്‍ഷം മുമ്പ് സംഭവിച്ച മുത്തശ്ശന്റെ മരണം സമ്മാനിച്ച ഏകാന്തതയില്‍ തളര്‍ന്നിരിക്കുമ്പോളാണ് അറുപത്തിരണ്ടുകാരിയായ എടത്തൂട്ട് രമാദേവിയെന്ന എന്റെ മുത്തശ്ശി, ഒരു വയസ്സുള്ള എന്നെ നോക്കാന്‍ വന്ന ഏലിയാമ്മയുമായി സൗഹൃദത്തിലാകുന്നത്. സംസാരിക്കാന്‍ പഠിച്ചു തുടങ്ങുന്ന സമയത്ത് 'ഏ' എന്ന അക്ഷരം എനിക്ക് വഴങ്ങാത്തതുകൊണ്ട്‌ ഏലിയാമ്മ എനിക്ക് 'തീ..യാ..മ്മ..'യായി. എന്റെ വിളി നാട്ടുകാരുടെയും വിളിയായി. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ എന്ന ഗ്രാമത്തിനപ്പുറം ഒരു ലോകവും കണ്ടിട്ടില്ലാത്ത ഏലിയാമ്മ മുത്തശ്ശി ക്കൊപ്പം ബന്ധു വീടുകളില്‍ നിത്യ സന്ദര്‍ശകയായി. ജാതി മത ചിന്തകളൊക്കെ പ്രകടമായിരുന്ന  ആ കാലത്ത് എലിയാമ്മയെ എങ്ങിനെയാണ് മുത്തശ്ശി സര്‍വ്വസമ്മതയാക്കിയതെന്നറിയില്ല. ഏലിയാമ്മയോടൊപ്പം മുത്തശ്ശി യാത്രകളെ സ്നേഹിക്കാന്‍ തുടങ്ങി. അന്നൊക്കെ മുത്തശ്ശി പറയുമായിരുന്നു "എനിക്ക് മരണത്തെ പേടിയാണ്. ഞാന്‍ മരിക്കുമ്പോള്‍ തീയാമ്മ എന്റെ അടുത്തുവേണം." തീയാമ്മ ചിരിയോടെ തിരിച്ചടിക്കും. "ഈ കൊച്ചമ്മ എന്തൊക്കെയാ പറയുന്നത്? നിങ്ങളുടെ ബന്ധുക്കള്‍ക്കിടയില്‍ എനിക്കെന്തു സ്ഥാനം?" മുത്തശ്ശിയെ വല്ലാതെ ചൊടിപ്പിക്കാന്‍ ആ വാക്കുകള്‍ക്ക് കഴിയുമായിരുന്നു. ഒരു തമാശക്കപ്പുറം ഞങ്ങള്‍ അത് കാര്യമായി എടുത്തിരുന്നില്ല.
     ഇടക്കിടെ ശാരീരിക അസ്വസ്ഥതകള്‍ അലട്ടാന്‍ തുടങ്ങിയപ്പോള്‍ തീയാമ്മ വരാതായി. പ്രായാധിക്യത്താല്‍ മുത്തശ്ശിയും കിടപ്പിലായി. 2005 ഡിസംബര്‍ 23 നു് നീണ്ട മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ക്രിസ്തുമസ് കേക്കുമായി തീയാമ്മയെത്തി. ആ വരവിനായി കാത്തിരുന്നതുപോലെ ആ കൈയ്യിലേക്ക് തലചായ്ച്ച് മുത്തശ്ശി ഞങ്ങളെ വിട്ടുപോയി.
      നീണ്ട അഞ്ചുവര്‍ഷങ്ങള്‍ ശേഷം എനിക്ക് വിശേഷമായപ്പോള്‍ പകല്‍ സമയങ്ങളില്‍ എനിക്ക് കൂട്ടിരിക്കാന്‍ ആളെ തിരയുന്നതറിഞ്ഞ് ഒരു കിലോമീറ്റര്‍ നടന്ന് എഴുപത്തിരണ്ടുകാരിയായ തീയാമ്മ എത്തിതുടങ്ങി. ആറാം മാസത്തില്‍ കൊരട്ടിമുത്തിക്ക് കാഴ്ചവച്ച പൂവന്‍ പഴം തന്ന് തീയാമ്മ പറഞ്ഞു. "മോളിതു കഴിക്കണം. പ്രസവം എളുപ്പം നടക്കട്ടെ. മുത്തശ്ശി ഉണ്ടായിരുന്നേല്‍ എന്നെക്കൊണ്ടിതു ചെയ്യിക്കുമായിരുന്നു." അതു കഴിച്ചപ്പോള്‍ മുത്തശ്ശിയുടേയും തീയാമ്മയുടെയും ജാതി മത ചിന്തകള്‍ക്ക് അതീതമായ സൗഹൃദത്തെ ഓര്‍ത്ത് എന്റെ കണ്ണ് നിറഞ്ഞു. (എനിക്ക് അങ്ങനെയൊരു സുഹൃത്തില്ലല്ലോയെന്ന കുശുമ്പുകൊണ്ടാകാം.) കുഞ്ഞ് പിറന്ന് 21 ആം നാള്‍ - 2011 നവംബര്‍ 29 ന് - തീയാമ്മ ഞങ്ങളെ വിട്ടുപോയി.
     ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഒരു പനിവന്നാലുടനെ മുത്തശ്ശി കൊടുങ്ങല്ലൂരമ്മയ്ക്കും തീയാമ്മ വേളാങ്കണ്ണി മാതാവിനും നേര്‍ച്ച നേരുമായിരുന്നു. പനി മാറുംവരെ പ്രാര്‍ത്ഥന നീണ്ടു നില്‍ക്കും. രണ്ടു പേരുടെയും പ്രാര്‍ത്ഥന കൊണ്ടാവാം കാര്യമായ അസുഖങ്ങളില്ലാതെ ബാല്യം കടന്നുപോയി. 2011 ലെ ഡിസംബര്‍ സമ്മാനിച്ച ജലദോഷപ്പനിയിലിരിക്കുമ്പോള്‍ പ്രാര്‍ത്ഥനകളുടെ ശക്തി എനിക്കു നല്കിയിരുന്ന ആത്മധൈര്യത്തിന്റെ നഷ്ടം ഞാന്‍ അറിയുന്നു.
    വാര്‍ദ്ധക്യത്തിലെ ഏകാന്തത ഒരു വലിയ പ്രശ്നമായി കാണുന്ന ഇന്നത്തെ സമൂഹം ഇവരെക്കണ്ടു പ‍ഠിക്കേണ്ടിയിരിക്കുന്നു. സൗഹൃദത്തിന് വാര്‍ദ്ധക്യത്തെ മനോഹരമാക്കീത്തീര്‍ക്കാം എന്നതിന്റെ തെളിവായിരുന്നു ഇവരുടെ ജീവിതം. ജീവിതത്തിരക്കിനിടയില്‍ നെട്ടോട്ടമോടുന്ന എന്റെ സുഹൃത്തുക്കളോടൊന്നുമാത്രമേ എനിക്ക് പറയാനുള്ളൂ. 'യൗവ്വനത്തിലെ തിരക്കിനിടയില്‍ എന്നെ മറന്നു കളഞ്ഞേക്കുക. ഒടുവില്‍ ഞാനും ഒറ്റയാകുന്ന വാര്‍ദ്ധക്യത്തില്‍ ഒരു നല്ല സുഹൃത്തായി എനിക്ക് കൂട്ടിരിക്കുക......' നമുക്കിനി വൃദ്ധസദനങ്ങളും വാര്‍ദ്ധക്യത്തിലെ ഏകാന്തതയും മറന്ന് ജീവിതത്തെ സ്നേഹിക്കാം. സൗഹൃദത്തിന്റെ ശക്തിയില്‍ വിശ്വസിച്ച ഇവരെപ്പോലെ.

2 comments:

  1. vardhyakathille ekathathatha nikathannnn matooruu theeyamaye jagatheeshwavaran samanikattte ennne prarthikunuuuu

    nalla sawhredhagalude katha ennummm manisine kulirme ekunavayane ..

    ReplyDelete
  2. നന്നായിട്ടുണ്ട് ...

    ReplyDelete