Sunday, December 11, 2016

തിരിഞ്ഞു നടത്തം

തിരിഞ്ഞു നടത്തം
~~~~~~~~~~~~
ബേക്കൽ കോട്ടയിലെ ചരിത്രവഴികളിലൂടെ
കൈ പിടിച്ചു നടക്കുമ്പോൾ
ശബ്ദം നേരെയാക്കി
ഞാനവളോടു ചോദിച്ചു
''ഒന്നു കണ്ണടച്ചു നോക്കൂ..
നിനക്കു കേൾക്കാനാവുന്നുണ്ടോ ....
ചരിത്രത്തിനപ്പുറം നിന്നുള്ള
ചിതമ്പിച്ച കൈയടികൾ..
തടഞ്ഞു വെച്ച പിൻവിളികൾ..
പിഴച്ചു പോയ നിശ്വാസങ്ങൾ??"
അവളെന്നെ നോക്കി .. പുഞ്ചിരിയോടെ തലയാട്ടി.
അവൾക്കറിയാമായിരിക്കും...
കഥകൾ കൊണ്ടു മാത്രം പട്ടിണി മാറ്റിയ
ഈ ചരിത്രാധ്യാപകന്റെ  ഒറ്റമുറി വീട്ടിലെ ചരിത്ര കഥകൾ.
അതു കൊണ്ടു  കൂടിയാവാം ഈ കോട്ടയ്ക്കുള്ളിൽ
പ്രണയം പൂക്കുന്നതു പോലെ...
എന്നാശ്വസിപ്പിച്ച് ..
അവൾ ... തിരിഞ്ഞു നടന്നു തുടങ്ങിയത്.
ഉള്ളിൽ നിറഞ്ഞ അവളോടുള്ള പ്രണയക്കമ്പം ..
വിഷുക്കാലത്തെ കമ്പിത്തിരി പോലെ കത്തിത്തീരും മുൻപ്
പൂക്കൾ പറിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ച്
(കറുത്ത പൂവായിരുന്നു ഞങ്ങൾക്കിഷ്ടമെങ്കിലും
ചരിത്രത്തിൽ കറുത്ത ജീവിതങ്ങൾ  ഒതുങ്ങിപ്പോകലാണ്
പതിവെന്ന ബോധ്യമുള്ളതിനാൽ...)
ഒരു വെളുത്ത പൂവ് അവൾക്കായി ഞാൻ പറിച്ചെടുത്തു..
കരിഞ്ഞു കലങ്ങിയ കണ്ണിലെ കറുപ്പു കൊണ്ട്
ആ പൂവിനെ നെഞ്ചേറ്റി...
ഓർമ്മത്തടവറയിൽ തളർന്നിരിക്കവെ,
പുറകിൽ വന്നു വീണ സെക്യൂരിറ്റിയുടെ തള്ളലിലും
ഉളളുലച്ച വാക്കുകളിലും
ഞങ്ങൾ വീണ്ടും വിചാരണത്തടവുകാരായി.
തിരിച്ചിറങ്ങവെ,
കണ്ണിൽ ചരിത്ര സ്നേഹം നിറച്ച് ..
അവൾ പറഞ്ഞു
"ചേർത്തു പിടിയ്ക്കാൻ സ്വന്തമായി എന്തെങ്കിലുമുണ്ടെന്നു തോന്നുന്നത്..
ചില ചരിത്ര കഥകളിൽ അഭിരമിക്കുമ്പോൾ തന്നെയാണ് "
എന്റെ മറു ചിരിയ്ക്ക് 'വല്ലാത്ത കനമുണ്ടായിരുന്നു..
എങ്ങിനെ ചിരിയ്ക്കാതിരിയ്ക്കും?
ചരിത്രം മാത്രം പഠിപ്പിച്ചു മരിച്ചു പോകേണ്ട
ഒരധ്യാപകനായിപ്പോയില്ലേ.. ഞാനും??
_______________________
മഞ്ജുള  കെ.  എം.

1 comment: