Monday, June 27, 2016

മൗനസഞ്ചാരം

====മൗനസഞ്ചാരം====

കരയിലകപ്പെട്ടു പോയ മത്സ്യം പോലെ ,
എന്നെ ശ്വാസം മുട്ടിച്ച്
നീ മൗനമാചരിച്ചപ്പോൾ
പഴകിയ കുറെ പൈങ്കിളിക്കഥകൾ തപ്പിയെടുത്ത് ഞാനും മൗനദിനമാചരിച്ചു.
എല്ലാ വഴികളും ശുഭമായി മാത്രമവസാനിക്കുന്ന പൈങ്കിളിക്കഥകളോട്
അന്നാദ്യമായി
വല്ലാത്തൊരടുപ്പം തോന്നി.
അതുവരെ മൗനത്തിലൂടെ
നാം നെയ്തെടുത്ത
നീല ജലാശയക്കാഴ്ചകളൊന്നും
എന്നെ രക്ഷിച്ചില്ല.
വാശിയുടെ മുകളിലത്തെ
പടവിലിരുന്ന്'
നീ ചിരിച്ചപ്പോൾ ;
എനിക്കു മുൻപിൽ ചിരിയുടെ മൗനദീർഘം
വിളറിച്ചിരിച്ചത് നീ കണ്ടില്ലെന്നുണ്ടോ?
നീ... നിറങ്ങളില്ലാത്ത പൂക്കൾ കൊണ്ടു
നിർമ്മിക്കപ്പെട്ട സ്വപ്നമായി
അന്നാദ്യമായി കണ്ണിൽത്തടഞ്ഞു.
കരഞ്ഞും
നിറഞ്ഞും
വലിച്ചകറ്റാൻ ശ്രമിച്ചും
മൗനദിനാചരണം പുരോഗമിച്ചപ്പോൾ
ജീവിതത്തിൽ നിന്നു
പിടി വിട്ട് നിന്നിൽത്തെന്നി
വീണതുപോലെ,
ഓർമ്മത്തുടർച്ചകളിലേയ്ക്കു തെന്നി വീഴാതിരിക്കാൻ
നിന്നെ ഞാൻ
മുറുകെച്ചേർത്തുപിടിച്ചു.
എത്രയയച്ചു പിടിച്ചാലും
നീ പറന്നു പോകില്ലെന്നറിയാമായിരുന്നിട്ടും
മൗനം കൊണ്ടു ഞാൻ നിന്നെ പൊതിഞ്ഞു സൂക്ഷിച്ചു
വിജയിച്ചതു നീയാണെങ്കിലും
നിന്റെ ഉള്ളിലിരമ്പിയ
നോവിന്റെ പാടം
എന്റേതു കൂടിയാണെന്ന്
നിന്നോടെനിക്ക്
പറയണമെന്നുണ്ട് '
പക്ഷെ ,
ഈ മൗനത്തിന്റെ ഓർമ്മച്ചില്ലുകൾ
എറിഞ്ഞുടയ്ക്കാതെ
എനിക്കു നിന്നെ തകർക്കാനാവില്ല.
നീയെന്ന ഞാനും
ഞാനെന്ന നീയും
മൗനത്തിലലിയും വരെ.

No comments:

Post a Comment