Friday, November 6, 2020

തിരിഞ്ഞു നടക്കുമ്പോൾ

പഴയൊരീണം ,
പൊതിഞ്ഞലുത്തൊരാ.
പുത്തിലഞ്ഞി ചുവട്ടിൽ
നിശബ്ദയായ് ,
മൗനരാഗക്കുരുക്കഴിച്ചോർമ്മകൾ
ചേറ്റിയൊപ്പിത്തളർന്ന ലാവണ്യമേ,
ഇനിയൊരിക്കലും
ചേർന്നുണരാത്തൊരീ
ഹരിത ജീവതരംഗത്തിലിന്നിതാ...,
നിറയെ വെള്ളിലക്കമ്പി ച്ചരടിനാൽ
കോർത്തെടുക്കൂ...
നിലാവുണരും മഴ.
കോരിയെത്ര കുടിയ്ക്കിലും
ചോക്കാത്ത
സ്നേഹതാരകം
ചേർത്തു നിറച്ചതിൽ,,,
ഉണ്മയെത്തൊടും
 പൂ ഞരമ്പിറ്റിച്ച്
കൺ തുറക്കും
കിനാവിലാഴ്ന്നീടുക

Monday, April 20, 2020

20/04/2020

ഒരു പോലെ ജീവിക്കുന്ന ചിലരുണ്ട്.
രണ്ടു കാലങ്ങളിൽ..
രണ്ടു ജീവിതങ്ങളിൽ..
രണ്ടു സ്വപ്നങ്ങളിൽ..,
അങ്ങിനെയങ്ങിനെയങ്ങിനെ.
അവരൊരിക്കലും 
പരസ്പരം
കണ്ടുമുട്ടില്ലായിരിക്കാം.
ഒരേയിരുട്ടിൽ 
സ്വയമെരിഞ്ഞ്,
മുനിഞ്ഞു കത്തി
ഒരു ജീവിത ഗാനത്തിരി പോലെ..
നെഞ്ചു കലങ്ങിയൊടുങ്ങിപ്പോയേക്കാം.
സുഗതകുമാരിക്കവിത വായിച്ച്,
ഏതു പാതിരയിലും
ഉറങ്ങാതെ കാത്തിരിക്കും 
സമാനഹൃദയനെയോർത്ത്
ഈറനണിഞ്ഞേക്കാം.
ദുരന്ത കാവ്യങ്ങളെ 
നെഞ്ചോടു ചേർത്ത്,
സ്നേഹത്തിന്റേയോ,
പ്രണയത്തിന്റേയോ,
ഉന്മത്ത നിമിഷങ്ങളിൽ
കടുത്ത വിഷാദത്താൽ
ഉറങ്ങിപ്പോയേക്കാം.
ഉത്സവപ്പറമ്പിലും
ഷോപ്പിങ്ങ് മാളിലും
പലചരക്കു കടയിലും
ഇരു ഹൃദയങ്ങളും 
കൈ തൊടാതെ ,
അറിയാതെ,
ഒരുമിച്ചു നടന്നിരിക്കാം.
ഈ വരികളിലൂടെ 
കടന്നു പോകുമ്പോൾ
അവർ കണ്ടുമുട്ടിയിരുന്നെങ്കിലെന്ന്
എന്തു കൊണ്ടാവും
നിങ്ങൾക്ക്
തോന്നുന്നതെന്നറിയാമോ??
അങ്ങിനെയാരുമില്ലെന്ന്
സ്വയം വിശ്വസിക്കാനും
അഥവാ
അങ്ങിനെയൊന്നുണ്ടെങ്കിൽ
അതൊരു കഴമ്പില്ലാത്ത
ചിന്തയെന്ന്
സ്വയം സമർത്ഥിക്കാനുമാണ്.
ഇനിയവരെ ചേർത്തു വച്ചാലും
രണ്ടായി മാത്രം
ചിതറിപ്പോയവരെ
ചേർത്തു വച്ചിട്ടെന്താണ്?
അല്ലെങ്കിലും
രണ്ടു ലോകങ്ങളെ
ഒന്നായിക്കണ്ട് 
നിർവൃതിയടയാൻ
ഇത് ജീവിതമല്ലേ.., 
കവിതയൊന്നുമല്ലല്ലോ..!!!
_____ മഞ്ജുള____

Saturday, December 7, 2019

നിശാഗന്ധി___________നീ ..രാത്രിയിൽ മാത്രംപൂക്കാറുള്ള ..,നക്ഷത്രക്കണ്ണുള്ള..,കവിതയാണ്.സ്നേഹത്തെക്കുറിച്ച് നീ പറയുമ്പോഴൊക്കെ..,കൈവിട്ടകന്നു പോയൊരുവിരൽത്തുമ്പിൽ നിന്നും.. താഴെ വീണു ചതഞ്ഞൊരുനീലിച്ച പൂവായി ,ഞാനറിയാതെ മാറിപ്പോകാറുണ്ട്.നീയിറങ്ങിപ്പോയപടവുകൾക്കിപ്പുറമൊരുപച്ച മരക്കാടുണ്ടെന്ന്..,അപ്പോഴൊക്കെയുംഞാൻ സ്വയം ആശ്വസിപ്പിക്കാറുമുണ്ട്. നിലാവു തൊടുമെന്നുടൽച്ചില്ലയിൽഒരു ശബ്ദവീചി മാത്രംരാത്രിയിൽകനം വച്ചിങ്ങനെ..,വിങ്ങി നിൽക്കുന്നത്...രാവിന്റെ വിഭ്രമത്തിലലിഞ്ഞ്..,തൊട്ടറിയേണ്ടി വരാറുണ്ട്.ദീപാലങ്കൃതമായ കൈവഴികളിൽമറന്നു വച്ചൊരുഇളം വിരൽച്ചൂടിനെ,തിരഞ്ഞു മടുത്ത്..,ഓരോ നിലാവിലുംനീയെനിക്കായ് പൂക്കുന്നു.പഴകിയ ഓർമ്മകളെങ്കിലുംപൂത്തു നിൽക്കും നിൻ വാക്കാൽനെഞ്ചു കീറാറുണ്ടെങ്കിലുംനീയെനിക്കെന്നുംപൂത്തു നിൽക്കും കനലാണ്.ഓർമ്മയും സ്പർശനവുംഉള്ളു പൊള്ളിക്കുമെങ്കിലുംസ്നേഹസുഗന്ധത്താൽഉൺമയേറിയത്.ഏതിരുളിലും വഴികാട്ടിയാവുമെൻഉൾവെളിച്ചവും.__.___________ മഞ്ജുള_______

Thursday, October 24, 2019

നിലാവിൽ

നിലാവിൽ
 ______
ഉടലിനെ .
കീറി മുറിച്ചേക്കുമെന്ന്
ഭയം
തോന്നിക്കുന്ന..
ചില സങ്കടങ്ങളുണ്ട്.
അതിൽ മുങ്ങി 
നിവർന്നവർക്കു മാത്രം
തിരിച്ചറിയാനാവുന്ന
നിഗൂഡ സ്മിതങ്ങളും.
കരൾ പോലെ കാത്തുവച്ച
സ്വപ്നങ്ങൾക്ക്,
തീ ..
പിടിക്കുന്ന നേരം
ഒരു പുഞ്ചിരിപ്പുതപ്പിനാലും
തണുപ്പാറ്റുക വയ്യ.
നേർത്ത ചിരിയാൽ
നിലാവിൽ,
നീ വിടർത്തിയ
താരകത്തുണ്ടിനാൽ,
ഒരായിരം 
സ്നേഹച്ചിരാതുകൾ
തെളിച്ച  കാലത്തോട്..
ഇനിയും നീ..
പരിഭവിക്കുന്നതെന്തിന്?
സ്നേഹമേ!!.
നിൻ ചുടു നിണത്താൽ
നാം ...,
കോർത്ത ഗദ്ഗദങ്ങളാലൊരു
 ഉണർവിൻ
ഗീതമൊരുക്കാം 
ഉരുകിപ്പടർന്ന
കരിന്തിരിക്കണ്ണാൽ
മഷിയെഴുതിക്കൊണ്ട്.
_________ മഞ്ജുള___

Thursday, August 29, 2019

കരിമിനീന്റെ ആത്മഗതം

കരിമീനിന്റെ ആത്‌മഗതം
_______________________
മീൻ മാർക്കറ്റിലെ
മത്സ്യം വാങ്ങാനുള്ളവരുടെ
നീണ്ട നിരയിൽ ,
നിന്നെ
കണ്ടപ്പോൾ..,
ഉള്ളു പിടച്ചുവെന്നത് നേരാണ്.
കഴിഞ്ഞ വർഷം
കായലിൽ ചാടി
മരിക്കാനാഞ്ഞ്,
കായൽപ്പടവിൽ
നീയിരുന്നു
കരഞ്ഞപ്പോൾ
നിന്റെ കാലിനടിയിലൂടെയലഞ്ഞ്..,
നിന്നെ ജീവിതത്തിലേയ്ക്കു
ഞാൻ,
തിരിച്ചു വിളിച്ചുവെന്നതും സത്യമാണ്.
നീ കായൽപ്പടവിൽ
വരുമ്പോഴൊക്കെയും
നിന്റെ ചിരിത്തുമ്പിൽ
നിറയാൻ..,
നിതാന്ത ജാഗ്രതയാൽ
ഞാൻ
കാത്തിരുന്നതെന്തിനെന്ന്
ഇന്നും ഓർത്തെടുക്കാനാവുന്നില്ല.
നീ  ...
കായൽക്കരയിലിരുന്ന്,
ആരോടോ ഫോണിൽ
സംസാരിക്കാറുള്ളതു കേട്ടിട്ടാണ്..,
കായലിനപ്പുറം
ഒരു ലോകമുണ്ടെന്നും
നീയതിലൂറുമൊരു
നിലാപ്പക്ഷിയാണെന്നും
ഞാനറിഞ്ഞത്.
നിന്റെ ..
വയലറ്റു നിറമുള്ള
ഞാത്തിന്റെ പ്രഭ കണ്ട്
സന്ധ്യയുദിച്ച  നാളിൽ,
ഏതോ വലക്കണ്ണിയിൽ
പിടയുമ്പോൾ,
കരിമീനെന്ന ..
നിന്റെ വിളിയിൽ തറഞ്ഞ്,
എന്നുള്ളിലൊരായിരം
നക്ഷത്രം പൊടിഞ്ഞു.
മരണം വന്നു തൊട്ടിട്ടും
ഈ മീൻ ചന്തയിലെ
കടും നിറത്തിൽ
പൂഴ്ന്നു കിടക്കുമ്പോഴാണ്
സ്നേഹത്തിന്റെ
കുസൃതിക്കണ്ണുമായി
നീ കടന്നു വന്നത്.
പെട്ടെന്നൊരു കായലെന്നുള്ളിലൂടെ
പൊട്ടിയൊലിച്ച്
എനിക്കു ജീവശ്വാസമേകുമ്പോൾ
അറിയാതെ കരഞ്ഞു
ചോദിച്ചു പോകുന്നു.
സ്നേഹമേ!!!
എനിക്കും
നിനക്കും
തമ്മിലെന്ത്??
___ മഞ്ജുള____

Sunday, August 25, 2019

ജലരേഖ

ജലരേഖ
___________
ഒരു വൈകുന്നേരം
സന്ധ്യയുടെ നിറഭേദങ്ങളിൽ
നീന്തിത്തുടിച്ച്,
ഒറ്റയായപ്പോഴാണ്..,
നിന്റെ ശബ്ദം
കാതിൽ തെളിഞ്ഞത്.
പെരുമഴക്കാലത്തെ..
മടിപ്പുതപ്പിൽ,
തൂങ്ങിയപ്പോൾ,
കർക്കിടക വാവിലെ
കരിമഴക്കണ്ണിൽ,
കുതിർന്നപ്പോൾ ,
തിരയിളക്കത്തിലകപ്പെട്ട്
ഉടലും മനസ്സും  കലങ്ങിയ നാൾ,
അങ്ങിനെ...
ഓരോ കണ്ണീർക്കടലിലും
നിന്റെ ശബ്ദമെൻ
ഉള്ളാഴത്തിൽ
പുതഞ്ഞു തീർന്നു.
മുനിഞ്ഞു കത്തുന്ന
കളിവിളക്കിനു
മുന്നിലിരുന്ന്,
നിനക്കായുറക്കെപ്പാടിയൊരു
കഥകളിപ്പദം,
ഇന്നുമേതോവഴിയിൽ
പുകഞ്ഞു
നിൽപ്പുണ്ട്.
എപ്പോഴാണ്
നിന്റെ വാക്കുകൾ
ഉൾച്ചുവരുകൾ
തകർത്ത്,
കലങ്ങി മറഞ്ഞതെന്നോർക്കുമ്പോൾ,
ഒരുമിച്ചു നടന്നൊരു
മഴക്കാലം..,
മറവിയിൽ നിന്നുണർന്ന്,
വീണ്ടും
മഴക്കൂട്ടണിയുന്ന പോലെ.
നനഞ്ഞു തളരും തോറും
മാഞ്ഞു തുടങ്ങും
നീയാം ജലരേഖയിൽ
മുങ്ങി..
ഒരു കടൽച്ചുഴിയിൽ
ദിശ തെറ്റിയുഴന്ന്..,
ഞാനും.
______________ മഞ്ജുള________

Wednesday, August 14, 2019

തിരിഞ്ഞിറങ്ങുമ്പോൾ

തിരിഞ്ഞിറങ്ങുമ്പോൾ
_____________________
അവസാന കൂടിക്കാഴ്ചയിൽ..,
കൈകളിൽ നീ പിച്ചിയതിന്റെ
നോവിൽ പിടഞ്ഞ്,,
കണ്ണിലൊരു നനവ് ഊർന്നു മറഞ്ഞു.
ഒരു കാല്പനിക സ്വപ്നം പോലെ
മധുരിക്കേണ്ട ദിവസമായിരുന്നീട്ടു കൂടി...
കല്ലുകൾ പെറുക്കിയിട്ട്..,
നീയാം വെള്ളത്തെ നിറച്ച്...
പുറത്തേക്കോടിയിറങ്ങാനാണ്
എന്റെയുള്ളം പിടച്ചത്.
ഏതോ കടമ്പിന്റെ കൊമ്പത്ത്
കാലിട്ടിരിക്കുമൊരു
സുഗതകുമാരിക്കവിതാ സങ്കല്പത്തെക്കുറിച്ച്
ഒരുമിച്ചു കയറും പടവുകളെണ്ണി
ക്കൊണ്ട്
നീ പതിവു തെറ്റാതെ
ഉരുവിട്ടിരുന്നു.
കയറ്റത്തിലെവിടെയെങ്കിലും
കാലിടറുമെന്ന ശങ്കയാൽ
ഒരൂഞ്ഞാൽപ്പടിയുള്ള
സങ്കല്പമായിരുന്നു
അപ്പോഴും
എന്റെ മനസ്സു നിറയെ.
തല നീട്ടുന്ന
തലവേദനയ്ക്കിടയിൽ പോലും
നിറനിലാവു പോൽ
ചിരിച്ച്,
എന്തിനൊരു യാത്ര പറച്ചിലെന്ന്...
മുകളിലെ
പ്പടവിൽ
നിന്ന് ...,
നീയെന്നെ
താഴേയ്ക്കു തള്ളിയിടും വരെ
എനിക്കു മനസ്സിലായില്ല.
കണ്ണിലെ പ്രതികാരക്കനലാൽ
നീയെന്നെ നോക്കുന്നതു കണ്ടിട്ടും,
ഒരൂഞ്ഞാൽ തുമ്പത്തൂടെ,
പറഞ്ഞു പറ്റിച്ച ,
ചില
വാക്കുകൾ വിഴുങ്ങി
ഞാനുലാത്തുകയായിരുന്നു.
ഉള്ളുലയ്ക്കും
വേദനയ്ക്കിടയിലും
ചെവിയിൽ നിറഞ്ഞത്
നീ പറയാറുള്ളൊരു വാക്യമാണ്.
"..നമുക്ക് നടന്നു കൊണ്ടേയിരിക്കാം.
നടപ്പാതകളവസാനിക്കാത്ത വഴിയിലൂടെയെന്നുമൊരേ ശബ്ദമായ്."
പതിയെ നിലയ്ക്കും ശബ്ദവീചികളിലുടക്കി
തളർന്നു വീഴുമ്പോൾ
നീയവിടെ ഉണ്ടാവില്ലെന്നുറപ്പായിരുന്നിട്ടും
എന്തുകൊണ്ടോ ഞാൻ തിരിഞ്ഞു നോക്കി.
"ഒന്നും അവസാനമല്ലെന്നാണോ??
ഈ വീഴ്ച പോലും??"
_______ മഞ്ജുള________