Friday, June 28, 2013

കനല്‍പ്പൂവിന്


കനല്‍പ്പൂവിന്
---------------------------------

മഴയായിരുന്നു മനസ്സിലന്നെങ്കിലും..
നിന്നെ മറക്കാതിരിക്കാന്‍.. മഴയെപ്പഴിച്ചു ഞാന്‍.
ഓര്‍മയില്‍ നീയൊരു സൗഗന്ധികം പോലെ
നീരൊളി വറ്റാത്ത നീല മേഘം
വാക്കിലും നോക്കിലും മൗനത്തിനാര്‍ദ്രത..
നീല മിഴിയും നനഞ്ഞ വാക്കും.
മഴ പെയ്തു തോര്‍ന്നു നിന്‍ വാക്കിലെന്നും
നിന്‍റച്ഛന്‍റെ ഓര്‍മ്മ തെളിഞ്ഞീടവേ...,
ഒരു പാതിരാവഴി തീര്‍ന്നിടത്തച്ഛനെ
വെട്ടി നുറുക്കി കിടത്തിയ ലോകത്തെ
എങ്ങിനെ സ്നേഹിച്ചു തീര്‍ക്കണം ഞാനെന്ന നിന്‍
ചോദ്യമുലക്കുന്നുണ്ടെന്നെയീയാര്‍ത്തിരമ്പും മഴത്താളപ്പെരുപ്പിലും.
ഒരു തണല്‍;
ഒരു തിരുവാതിരക്കാലം;
ജല മര്‍മരം;
ഒരു കനല്‍പ്പൂവു പോല്‍ നിന്നുള്ളു വിയര്‍ക്കവെ...
നീയറിയാതെ പറയുന്നു വീണ്ടുമാ -
ഘാതകരോര്‍ക്കാത്ത കഥയായിരുന്നച്ചന്‍.
ഒരു പഴങ്കഥ;
പക്ഷെ... ഞങ്ങള്‍ക്കു ദൈവവും
വാക്കും പൊരുളും നിറവുമാണെന്‍റച്ഛന്‍
ഇനിയൊരു പകലില്ല..
രാത്രിയേയുള്ളു...
മറഞ്ഞു തീരാത്തോരനാഥരാം ഞങ്ങളും.
ആശ്വസിപ്പിക്കണം...
ഇനിയില്ല... വാക്കുകള്‍...
വാക്കുകളോടി തളരുന്നതറിഞ്ഞു ഞാന്‍.
ഒന്നും പറയുവാനില്ല...
പറഞ്ഞാലും...
നീയെന്ന വേദനാപുഷ്പത്തെ നോവിക്കാനാവാതെ
നോവിന്നുറവയില്‍ മുങ്ങി തളര്‍ന്നു ഞാന്‍
വെളിച്ചത്തിലൂടെ നയിക്കുവാനായെന്നും നെഞ്ഞുരുകിപ്പഠിച്ചൊരു പ്രാര്‍ത്ഥന
കയ്യേറ്റു വാങ്ങട്ടെ.
എന്നും.. നിന്നോര്‍മ്മയും.
നോവും... നിലാവും... തണുത്ത നിശ്വാസവും

No comments:

Post a Comment