Saturday, December 29, 2018

കാവൽ

കാവൽ
_________
വീടു പൂട്ടിയിറങ്ങും മുൻപ്
കുറച്ചു
ടൈഗർ ബാമെടുത്തു മൂക്കിലും ചെവിയിലും
തേച്ചു പിടിപ്പിച്ചു.
പതിയെ ..
അടപ്പടച്ച്.
ഒരു വിശുദ്ധ വസ്തുപോലെ
ബാഗിന്റെ ഇടത്തേ മൂലയിലേയ്ക്ക്
ആരും കാണാതെ
തിരുകി വച്ചു.
കേൾവി കേട്ട
നാലു നില കെട്ടിടം.
നാലു നിലയായ് പരന്നൊഴുകുന്ന കടലാഴങ്ങളിൽ
ചില മനുഷ്യർ ഒഴുകിപ്പരക്കുന്നു.
ഗ്ലാസ്റ്റിട്ട നാലു ചുമരുകൾക്കുള്ളിലടഞ്ഞപ്പോൾ...,
എന്നത്തേയും പോലെ
പേടി കൊണ്ട്
കണ്ണു കലങ്ങി .
ബാമെടുത്ത് നെറ്റിയിൽ പുരട്ടിയതും
ശകാരത്തിന്റെ മലവെള്ളപ്പാച്ചിലിൽ
വീണ്ടുമൊറ്റയ്ക്കായി.
ജീവിതത്തിലെ ഏക ആശ്വാസം
ടൈഗർ ബാമാണെന്ന്
ഏറ്റു പറയാനാവാതെ..
അനാഥമായ ചിന്തകൾ വീർപ്പിച്ച്
അവളൊരുന്മാദിനിയായി.
വീടിനു
പുറത്തിറങ്ങുമ്പോളെല്ലാം
ചില കണ്ണീർ ഗദ്ഗദങ്ങളെ
ടൈഗർ ബാമിലടച്ച്
ചിലർ
ഒപ്പം കൂട്ടുന്നു.
നെഞ്ചുലയുമ്പോൾ
അതിൽ  ജീവിതം ചേർത്ത്
ആഞ്ഞ് ശ്വസിക്കുന്നു.
അതു മനസ്സിലാകാത്തവരെ ഭയന്ന്..
ഉന്മാദത്തിന്റെ വിയർപ്പേറ്റ്
ഒതുങ്ങിയിരിക്കുന്നു.
ഇങ്ങിനെയാണത്രെ
പുറം ലോകത്തെ തഴുതിട്ടടച്ച്
ചിലർ എന്നും
ചില വീടിന്റെ കാവലാളാവുന്നത്.
____ മഞ്ജുള ------

No comments:

Post a Comment