Wednesday, March 27, 2019

ഉപേക്ഷിയ്ക്കപ്പെട്ടവർക്ക് മാത്രം മനസ്സിലാകുന്ന ചിലത്

ഉപേക്ഷിയ്ക്കപ്പെട്ടവർക്ക്
മാത്രം മനസ്സിലാകുന്ന ചിലത്
______________________
ഇളം മഞ്ഞ പാവാടയിട്ടൊരു
പെൺ കിനാവ്
എൻ്റെയുള്ളിലും
കിലുങ്ങുന്നുണ്ട്.
ഉപേക്ഷിക്കപ്പെട്ടവളുടെ
ആത്മധൈര്യം
ഒരായിരം വിങ്ങലുകൾ
അടുക്കി വച്ചതിൻ്റെയാണ്.
അതറിയാൻ
ഉപേക്ഷിക്കപ്പെട്ടവരുടെ
ചിതയ്ക്കരികിൽ
കുറച്ചു നേരം
തണുപ്പാറ്റാനെങ്കിലും
ഇരുന്നു നോക്കണം.
അന്നാദ്യമായൊരു
വേനൽമഴ
നിങ്ങളെ
പൊള്ളിച്ചേക്കും.
ജനക്കൂട്ടത്തിനിടയിൽ
പരിചിതമായൊരു
കൈത്തലം തേടി;
ശ്വാസം നിലച്ച പോലെ
നിന്നു പോയ ദിവസം...
ചുറ്റിനും പരന്ന നിറങ്ങളിൽ
ഇരുട്ടു മാത്രമാണെന്നു
ഞാനറിഞ്ഞത് ..,
അനുഭവിച്ചറിയുമ്പോൾ
നിങ്ങളൊരു
നെഞ്ചുരുക്കത്തിൽ
വീണു പോകാനുമിടയുണ്ട്.
ഉപേക്ഷിക്കാൻ ശ്രമിച്ച്
പരാജയപ്പെട്ടവരെയോർത്ത്...
ചില നേരങ്ങളിൽ
പ്രതികാരത്തിൻ്റെ
വിഷക്കാറ്റു
പതഞ്ഞു പൊന്തുന്നത്
തടഞ്ഞു നിർത്താനാവില്ലെനിക്ക്.
അതാണ്..
ഇടയ്ക്കിടെ കീറിക്കളയാറുളള
ആത്മഹത്യാക്കുറിപ്പിലും
കവിതകൾക്കിടയിലും
അവരെച്ചേർത്തു വച്ച്
ഈ ലോകം മുഴുവൻ
പ്രകമ്പനം കൊള്ളുമാറ്
ഞാനിടയ്ക്കിടെ
പുകഞ്ഞു കത്തുന്നത്.
കരച്ചിലിന്..
ഒരു നെഞ്ചിടിപ്പിനേയും
ലഘൂകരിക്കാനാവില്ലെന്ന്
നിങ്ങൾ പണ്ടേ
തിരിച്ചറിഞ്ഞിട്ടുള്ളതാണല്ലോ!!!!
അതു കൊണ്ടു കൂടിയാണ്
നിൻ്റെ ആത്മകഥയ്ക്കുള്ളിൽ നിന്ന്
ഞാനൊരു
ഒറ്റയായ ഹൃദയം പറിച്ചെടുത്തത്.
ആർക്കും പകരാനാവാത്ത വിധം
നീയാം ഒറ്റ വെളിച്ചം
അണയുമ്പോൾ
ഞാനൊരൊറ്റയാവൽക്കുരുക്കിൻ്റെ
തുടർച്ച തേടുമെന്ന
ഭയം  കൊണ്ടു മാത്രം.
_____മഞ്ജുള_____

No comments:

Post a Comment