Thursday, August 29, 2019

കരിമിനീന്റെ ആത്മഗതം

കരിമീനിന്റെ ആത്‌മഗതം
_______________________
മീൻ മാർക്കറ്റിലെ
മത്സ്യം വാങ്ങാനുള്ളവരുടെ
നീണ്ട നിരയിൽ ,
നിന്നെ
കണ്ടപ്പോൾ..,
ഉള്ളു പിടച്ചുവെന്നത് നേരാണ്.
കഴിഞ്ഞ വർഷം
കായലിൽ ചാടി
മരിക്കാനാഞ്ഞ്,
കായൽപ്പടവിൽ
നീയിരുന്നു
കരഞ്ഞപ്പോൾ
നിന്റെ കാലിനടിയിലൂടെയലഞ്ഞ്..,
നിന്നെ ജീവിതത്തിലേയ്ക്കു
ഞാൻ,
തിരിച്ചു വിളിച്ചുവെന്നതും സത്യമാണ്.
നീ കായൽപ്പടവിൽ
വരുമ്പോഴൊക്കെയും
നിന്റെ ചിരിത്തുമ്പിൽ
നിറയാൻ..,
നിതാന്ത ജാഗ്രതയാൽ
ഞാൻ
കാത്തിരുന്നതെന്തിനെന്ന്
ഇന്നും ഓർത്തെടുക്കാനാവുന്നില്ല.
നീ  ...
കായൽക്കരയിലിരുന്ന്,
ആരോടോ ഫോണിൽ
സംസാരിക്കാറുള്ളതു കേട്ടിട്ടാണ്..,
കായലിനപ്പുറം
ഒരു ലോകമുണ്ടെന്നും
നീയതിലൂറുമൊരു
നിലാപ്പക്ഷിയാണെന്നും
ഞാനറിഞ്ഞത്.
നിന്റെ ..
വയലറ്റു നിറമുള്ള
ഞാത്തിന്റെ പ്രഭ കണ്ട്
സന്ധ്യയുദിച്ച  നാളിൽ,
ഏതോ വലക്കണ്ണിയിൽ
പിടയുമ്പോൾ,
കരിമീനെന്ന ..
നിന്റെ വിളിയിൽ തറഞ്ഞ്,
എന്നുള്ളിലൊരായിരം
നക്ഷത്രം പൊടിഞ്ഞു.
മരണം വന്നു തൊട്ടിട്ടും
ഈ മീൻ ചന്തയിലെ
കടും നിറത്തിൽ
പൂഴ്ന്നു കിടക്കുമ്പോഴാണ്
സ്നേഹത്തിന്റെ
കുസൃതിക്കണ്ണുമായി
നീ കടന്നു വന്നത്.
പെട്ടെന്നൊരു കായലെന്നുള്ളിലൂടെ
പൊട്ടിയൊലിച്ച്
എനിക്കു ജീവശ്വാസമേകുമ്പോൾ
അറിയാതെ കരഞ്ഞു
ചോദിച്ചു പോകുന്നു.
സ്നേഹമേ!!!
എനിക്കും
നിനക്കും
തമ്മിലെന്ത്??
___ മഞ്ജുള____

No comments:

Post a Comment