Sunday, August 25, 2019

ജലരേഖ

ജലരേഖ
___________
ഒരു വൈകുന്നേരം
സന്ധ്യയുടെ നിറഭേദങ്ങളിൽ
നീന്തിത്തുടിച്ച്,
ഒറ്റയായപ്പോഴാണ്..,
നിന്റെ ശബ്ദം
കാതിൽ തെളിഞ്ഞത്.
പെരുമഴക്കാലത്തെ..
മടിപ്പുതപ്പിൽ,
തൂങ്ങിയപ്പോൾ,
കർക്കിടക വാവിലെ
കരിമഴക്കണ്ണിൽ,
കുതിർന്നപ്പോൾ ,
തിരയിളക്കത്തിലകപ്പെട്ട്
ഉടലും മനസ്സും  കലങ്ങിയ നാൾ,
അങ്ങിനെ...
ഓരോ കണ്ണീർക്കടലിലും
നിന്റെ ശബ്ദമെൻ
ഉള്ളാഴത്തിൽ
പുതഞ്ഞു തീർന്നു.
മുനിഞ്ഞു കത്തുന്ന
കളിവിളക്കിനു
മുന്നിലിരുന്ന്,
നിനക്കായുറക്കെപ്പാടിയൊരു
കഥകളിപ്പദം,
ഇന്നുമേതോവഴിയിൽ
പുകഞ്ഞു
നിൽപ്പുണ്ട്.
എപ്പോഴാണ്
നിന്റെ വാക്കുകൾ
ഉൾച്ചുവരുകൾ
തകർത്ത്,
കലങ്ങി മറഞ്ഞതെന്നോർക്കുമ്പോൾ,
ഒരുമിച്ചു നടന്നൊരു
മഴക്കാലം..,
മറവിയിൽ നിന്നുണർന്ന്,
വീണ്ടും
മഴക്കൂട്ടണിയുന്ന പോലെ.
നനഞ്ഞു തളരും തോറും
മാഞ്ഞു തുടങ്ങും
നീയാം ജലരേഖയിൽ
മുങ്ങി..
ഒരു കടൽച്ചുഴിയിൽ
ദിശ തെറ്റിയുഴന്ന്..,
ഞാനും.
______________ മഞ്ജുള________

No comments:

Post a Comment