Friday, December 14, 2018

അലച്ചിൽ

അലച്ചിൽ
_________
എല്ലാ അലച്ചിലുകളും
അവസാനിക്കുന്നൊരിടമുണ്ട്.
അതവളോടു മാത്രം പറയേണ്ടതുമാണ്.
അവൾ;
ഏഴു കല്ലുള്ള മൂക്കുത്തിച്ചുവപ്പിൽ
ഉടഞ്ഞുണർന്ന സ്വപ്നഗന്ധി.
നിലാവിൽ പരന്നൊഴുകാതെന്നെ
ചുറ്റിപ്പിടിച്ചു ഖനീഭവിപ്പിക്കും ആത്മരൂപി.
അവളിലേയ്ക്ക്
സമവാക്യങ്ങൾ തെറ്റുമ്പോൾ
എൻ്റെയലച്ചിലിനും
വഴി തെറ്റാൻ തുടങ്ങുന്നു.
രണ്ടാമത്തെ ഇടവഴിയുടെ
നാലാമത്തെ വളവിൽ
നിറഞ്ഞു പൂത്ത ലാങ്കിച്ചുവട്ടിൽ
പച്ച വളയിട്ട കൈകളിൽ
കരഞ്ഞു കലങ്ങിയ രണ്ടു കണ്ണുകൾ
അവളൊളിച്ചു വച്ചിരുന്നു.
നിലാവു മണക്കാത്ത മഴക്കാലത്ത്
കണ്ണീർക്കവിത കൊണ്ട് നിശ്ചലമായൊരു ശില്പം തേടിയലയവെ
മാഞ്ഞു തീർന്ന വഴികളിൽ
രണ്ടു കൺപീലികളെനിക്ക് വഴികാട്ടിയായി.
എല്ലാ അലച്ചിലിനുമൊടുവിൽ
നിന്നിൽ മാത്രമെത്തുമ്പോൾ..
ഞാനെന്നും ഉള്ളുരുകിക്കരയുന്നു.
വഴികളവസാനിച്ചവൻ്റെ
തൊണ്ടയിൽ നിന്നുയരുന്ന
കണ്ണീരുപ്പു ചവച്ചു രസിച്ച്
നീയെന്നിൽ
തേടിയലയുന്നതെന്താണ്??
അലഞ്ഞലഞ്ഞുരുകി , വഴിയിൽ
ഇടറി വീണ വിലാപസ്വരം ഏറ്റുവാങ്ങാനാകാതെ
ഞാനിന്നും...
ഉപാധികളോടെ
കണ്ണീരൂർന്ന്..
ഒരു തിരുവാതിരക്കാറ്റു പോൽ...
ഏകാകിയായ്...
തണുത്തു വിങ്ങി ബാക്കിയാവുന്നു..
ഓരോ ഓർമ്മച്ചരടു മുറുകുമ്പോഴും
മുനിഞ്ഞു കത്തിക്കൊണ്ട്
___&_&_ മഞ്ജുള_&&&&__

No comments:

Post a Comment