Friday, December 14, 2018

വിചാരണയ്ക്കൊടുവിൽ

വിചാരണയ്ക്കൊടുവിൽ
______________________

അന്ന് ..
വിചാരണയുടെ അവസാന ദിനമായിരുന്നു.
ക്രൂശിക്കപ്പെടേണ്ടവൾ..
ഞാനായതു കൊണ്ട്
ഞാൻ മുടിയഴിച്ച്..
നിറഞ്ഞ കണ്ണുകളോടെ..
കാലുകളൂന്നി നിലത്തു തന്നെ നിന്നു.
എന്റെ തെറ്റല്ല എന്ന് എനിക്കാരെയെങ്കിലും
ബോധിപ്പിക്കണമായിരുന്നു
എന്റെ കണ്ണുനീർ
ആരോടൊക്കെയോ..
വഴക്കിട്ടു വാങ്ങിയ,
ആർക്കും കൊടുക്കാതെ പിശുക്കി വച്ച്..
ഉള്ളിൽ തങ്ങിപ്പോയ,
എന്റെ സ്നേഹമാണെന്ന്
ഈ ലോകത്തിലാരെയെങ്കിലും
വിശ്വസിപ്പിക്കാനാവാതെ...
ഞാൻ ..
നിറഞ്ഞു തൂവി
കരഞ്ഞു കൊണ്ടിരുന്നു.
"ഓർമ്മിക്കാൻ നമുക്കിടയിലൊന്നുമില്ല..
മറക്കാനും ".
വിചാരണക്കൊടുവിൽ  നീയത് പറഞ്ഞു തീർത്തു.
ഉള്ളിലൊരു കടൽക്കരയിൽ
നീർ വറ്റിയ മണ്ണിലിരുന്ന്
ഞാനൊരു കടൽവഴി ചികഞ്ഞെടുത്ത്...
ജീവിതത്തിൽ
വഴുക്കി വീഴാതിരിക്കാൻ
ഒരു മിന്നാമിനുങ്ങിനെ
കൂട്ടു വിളിക്കുകയായിരുന്നു.
അല്ലെങ്കിലും...
കവികളിങ്ങനെയാണ്..
എത്ര വലിച്ചെറിഞ്ഞാലും..
എവിടെയോ..
ബാക്കിയാവുന്ന സ്നേഹച്ചെരാതിനു ചുറ്റും
വെറും ഈയാംപാറ്റ പോലിങ്ങനെ..
ജീവിക്കാൻ മാത്രം മറന്നു കൊണ്ട്.
_________________________
മഞ്ജുള

No comments:

Post a Comment