Saturday, April 20, 2019

വിരൽച്ചൂട്

വിരൽച്ചൂട്
___________
ഇടയ്ക്കിടെ മഴ കനക്കുന്നു.
നീയിറങ്ങിപ്പോയ പകൽ,
ഒരിലയനക്കത്താൽ
പോലും
അശുദ്ധമാവാതെ;
വിമ്മിഷ്ടപ്പെടുത്തുന്നു.
പുകഞ്ഞ ചില
ചിന്തകളിൽ വഴുതി,
തെറ്റിയെഴുതിയ ഉത്തരത്തിൻ്റെ
സമവാക്യമറിയാത്ത
കുട്ടിയെപ്പോലെ
നിസ്സഹായതയിൽ
മുങ്ങി,
ഒരുയിർത്തെഴുന്നേൽപ്പു
കൊതിച്ച്..,
ഞാനിരിക്കുന്നു.
നീ ചിരിക്കുമ്പോൾ...,
നീലച്ച വടുക്കളിൽ
ചവിട്ടി വളർന്ന
ഒരു തണൽമരം
ഇരുൾച്ചാലിൽ
ഇടറി വീഴുന്നതു പോലെ.
നിൻ്റെ വാക്കടരുകളിൽ
ഉൾക്കനമാർന്ന
ഒരിരമ്പൽ
പ്രതിധ്വനിക്കുന്നതു പോലെ.
ഈ  സ്വപ്നത്തിൽ
നിന്നു ഞെട്ടിയുണരും വരെ
ഒരേ കുടത്തണലിൽ
ഒരു തണുത്ത കാറ്റിൻ
വഴിയിൽ
ഒരേ..
മരച്ചില്ലയിലൂർന്നങ്ങിനെ,
വിരലൂർന്ന ഗാനത്തിലലിഞ്ഞുവത്രെ
നമ്മൾ.
തുടർച്ചകളേറ്റു വാങ്ങിയെന്ന്
നീ പരാതിപ്പെടും മുൻപ്
ഉപേക്ഷിച്ചൊരു
മോഹ ജാലകം
പൊടി തട്ടിയെടുക്കണം.
കാഴ്ചകൾ മങ്ങി
നീയിരുട്ടാക്കിയ
ജാലക വിടവിൽ
നിലാവുദിക്കുമെന്ന
വ്യാമോഹത്തിൽ,
പിടഞ്ഞു തീരും
മനസ്സിനെ
സ്വയം ചേർത്തു നിർത്തണം.
അത്ര മേൽ സ്നേഹാർദ്രമായ്.
_____ മഞ്ജുള______

No comments:

Post a Comment