Wednesday, August 14, 2019

തിരിഞ്ഞിറങ്ങുമ്പോൾ

തിരിഞ്ഞിറങ്ങുമ്പോൾ
_____________________
അവസാന കൂടിക്കാഴ്ചയിൽ..,
കൈകളിൽ നീ പിച്ചിയതിന്റെ
നോവിൽ പിടഞ്ഞ്,,
കണ്ണിലൊരു നനവ് ഊർന്നു മറഞ്ഞു.
ഒരു കാല്പനിക സ്വപ്നം പോലെ
മധുരിക്കേണ്ട ദിവസമായിരുന്നീട്ടു കൂടി...
കല്ലുകൾ പെറുക്കിയിട്ട്..,
നീയാം വെള്ളത്തെ നിറച്ച്...
പുറത്തേക്കോടിയിറങ്ങാനാണ്
എന്റെയുള്ളം പിടച്ചത്.
ഏതോ കടമ്പിന്റെ കൊമ്പത്ത്
കാലിട്ടിരിക്കുമൊരു
സുഗതകുമാരിക്കവിതാ സങ്കല്പത്തെക്കുറിച്ച്
ഒരുമിച്ചു കയറും പടവുകളെണ്ണി
ക്കൊണ്ട്
നീ പതിവു തെറ്റാതെ
ഉരുവിട്ടിരുന്നു.
കയറ്റത്തിലെവിടെയെങ്കിലും
കാലിടറുമെന്ന ശങ്കയാൽ
ഒരൂഞ്ഞാൽപ്പടിയുള്ള
സങ്കല്പമായിരുന്നു
അപ്പോഴും
എന്റെ മനസ്സു നിറയെ.
തല നീട്ടുന്ന
തലവേദനയ്ക്കിടയിൽ പോലും
നിറനിലാവു പോൽ
ചിരിച്ച്,
എന്തിനൊരു യാത്ര പറച്ചിലെന്ന്...
മുകളിലെ
പ്പടവിൽ
നിന്ന് ...,
നീയെന്നെ
താഴേയ്ക്കു തള്ളിയിടും വരെ
എനിക്കു മനസ്സിലായില്ല.
കണ്ണിലെ പ്രതികാരക്കനലാൽ
നീയെന്നെ നോക്കുന്നതു കണ്ടിട്ടും,
ഒരൂഞ്ഞാൽ തുമ്പത്തൂടെ,
പറഞ്ഞു പറ്റിച്ച ,
ചില
വാക്കുകൾ വിഴുങ്ങി
ഞാനുലാത്തുകയായിരുന്നു.
ഉള്ളുലയ്ക്കും
വേദനയ്ക്കിടയിലും
ചെവിയിൽ നിറഞ്ഞത്
നീ പറയാറുള്ളൊരു വാക്യമാണ്.
"..നമുക്ക് നടന്നു കൊണ്ടേയിരിക്കാം.
നടപ്പാതകളവസാനിക്കാത്ത വഴിയിലൂടെയെന്നുമൊരേ ശബ്ദമായ്."
പതിയെ നിലയ്ക്കും ശബ്ദവീചികളിലുടക്കി
തളർന്നു വീഴുമ്പോൾ
നീയവിടെ ഉണ്ടാവില്ലെന്നുറപ്പായിരുന്നിട്ടും
എന്തുകൊണ്ടോ ഞാൻ തിരിഞ്ഞു നോക്കി.
"ഒന്നും അവസാനമല്ലെന്നാണോ??
ഈ വീഴ്ച പോലും??"
_______ മഞ്ജുള________

No comments:

Post a Comment