Monday, April 20, 2020

20/04/2020

ഒരു പോലെ ജീവിക്കുന്ന ചിലരുണ്ട്.
രണ്ടു കാലങ്ങളിൽ..
രണ്ടു ജീവിതങ്ങളിൽ..
രണ്ടു സ്വപ്നങ്ങളിൽ..,
അങ്ങിനെയങ്ങിനെയങ്ങിനെ.
അവരൊരിക്കലും 
പരസ്പരം
കണ്ടുമുട്ടില്ലായിരിക്കാം.
ഒരേയിരുട്ടിൽ 
സ്വയമെരിഞ്ഞ്,
മുനിഞ്ഞു കത്തി
ഒരു ജീവിത ഗാനത്തിരി പോലെ..
നെഞ്ചു കലങ്ങിയൊടുങ്ങിപ്പോയേക്കാം.
സുഗതകുമാരിക്കവിത വായിച്ച്,
ഏതു പാതിരയിലും
ഉറങ്ങാതെ കാത്തിരിക്കും 
സമാനഹൃദയനെയോർത്ത്
ഈറനണിഞ്ഞേക്കാം.
ദുരന്ത കാവ്യങ്ങളെ 
നെഞ്ചോടു ചേർത്ത്,
സ്നേഹത്തിന്റേയോ,
പ്രണയത്തിന്റേയോ,
ഉന്മത്ത നിമിഷങ്ങളിൽ
കടുത്ത വിഷാദത്താൽ
ഉറങ്ങിപ്പോയേക്കാം.
ഉത്സവപ്പറമ്പിലും
ഷോപ്പിങ്ങ് മാളിലും
പലചരക്കു കടയിലും
ഇരു ഹൃദയങ്ങളും 
കൈ തൊടാതെ ,
അറിയാതെ,
ഒരുമിച്ചു നടന്നിരിക്കാം.
ഈ വരികളിലൂടെ 
കടന്നു പോകുമ്പോൾ
അവർ കണ്ടുമുട്ടിയിരുന്നെങ്കിലെന്ന്
എന്തു കൊണ്ടാവും
നിങ്ങൾക്ക്
തോന്നുന്നതെന്നറിയാമോ??
അങ്ങിനെയാരുമില്ലെന്ന്
സ്വയം വിശ്വസിക്കാനും
അഥവാ
അങ്ങിനെയൊന്നുണ്ടെങ്കിൽ
അതൊരു കഴമ്പില്ലാത്ത
ചിന്തയെന്ന്
സ്വയം സമർത്ഥിക്കാനുമാണ്.
ഇനിയവരെ ചേർത്തു വച്ചാലും
രണ്ടായി മാത്രം
ചിതറിപ്പോയവരെ
ചേർത്തു വച്ചിട്ടെന്താണ്?
അല്ലെങ്കിലും
രണ്ടു ലോകങ്ങളെ
ഒന്നായിക്കണ്ട് 
നിർവൃതിയടയാൻ
ഇത് ജീവിതമല്ലേ.., 
കവിതയൊന്നുമല്ലല്ലോ..!!!
_____ മഞ്ജുള____

No comments:

Post a Comment